പ്രാർത്ഥന
സ്വന്തം ജന്മദിനത്തിൽ ചൊല്ലാനുള്ള പ്രാർത്ഥന
സ്‌നേഹസമ്പന്നനായ ഈശോയേ, എന്‍റെ ജീവിതത്തില്‍ ഒരു വര്‍ഷംകൂടി എനിക്കങ്ങു തന്നതില്‍ ഞാനങ്ങയെ സ്തുതിക്കുന്നു. കഴിഞ്ഞ വര്‍ഷം എനിക്കു ലഭിച്ച എല്ലാ നന്മകളെയും എനിക്കുതന്ന എല്ലാ നല്ല അനുഭവങ്ങളെയും ഓര്‍ത്തു നന്ദി പറയുന്നു. കര്‍ത്താവേ, എനിക്കു കൈവന്ന വിജയങ്ങള്‍ സന്തോഷകരമായ ഓർമ്മകളായും, സംഭവിച്ച പരാജയങ്ങള്‍ എന്‍റെതന്നെ ബലബഹീനതകളുടെ ആഴങ്ങളെ മനസ്സിലാക്കി അങ്ങില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളായും, എന്‍റെ ദുഃഖങ്ങള്‍ അങ്ങിലേക്കു വലിച്ചടുപ്പിക്കുന്ന സന്ദര്‍ഭങ്ങളായും മാറ്റുവാന്‍ ഇടയാക്കണമേ. ഞാന്‍ നഷ്ടപ്പെടുത്തിയ മണിക്കൂറുകളും പാഴാക്കിക്കളഞ്ഞ അവസരങ്ങളും അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളും ഓര്‍ത്തു ദുഃഖിക്കുന്നു. എന്‍റെ ജീവിതത്തെ അങ്ങയുടെ ഇഷ്ടമനുസരിച്ചു നെയ്‌തെടുക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. എങ്കിലും എന്‍റെ പോരായ്മകള്‍ പരിഹരിച്ച് ഈ പുതിയ വര്‍ഷം ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നതിനും എന്‍റെ മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും എനിക്കു തന്നെയും അഭിമാനിക്കാവുന്ന വിധത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും എന്നെ സഹായിക്കണമേ. എനിക്കു ജന്മം നല്കുകയും വളര്‍ത്തുകയും ചെയ്ത മാതാപിതാക്കളെയും എനിക്കു സ്‌നേഹം നല്കി പരിപോഷിപ്പിക്കുന്ന ബന്ധുജനങ്ങളെയും ഈ ദിവസം എന്നെ ഓര്‍ക്കുകയും അനുമോദിക്കുകയും എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ഉദാരമായി പ്രതിസമ്മാനം നല്കുകയും ചെയ്യണമേ. ആമ്മേന്‍.
മറ്റൊരാളുടെ ജന്മദിനത്തിൽ അവർക്കായി ചൊല്ലാനുള്ള പ്രാർത്ഥന
സ്‌നേഹസമ്പന്നനായ ഈശോയേ, അങ്ങയുടെ പ്രിയമകന്റെ/മകളുടെ (പേര് ചേർക്കുക) ജീവിതത്തില്‍ ഒരു വര്‍ഷംകൂടി അങ്ങു നല്കിയതില്‍ ഞങ്ങളങ്ങയെ സ്തുതിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ മകന്/മകൾക്ക് ലഭിച്ച എല്ലാ നന്മകളെയും നല്ല അനുഭവങ്ങളെയും ഓര്‍ത്തു നന്ദി പറയുന്നു. കര്‍ത്താവേ, കഴിഞ്ഞുപോയ നാളുകളിൽ കൈവന്ന വിജയങ്ങള്‍ സന്തോഷകരമായ ഓർമ്മകളായും, സംഭവിച്ച പരാജയങ്ങള്‍ ബലഹീനതകളെ മനസ്സിലാക്കി അങ്ങില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളായും, ദുഃഖങ്ങള്‍ അങ്ങിലേക്കു വലിച്ചടുപ്പിക്കുന്ന സന്ദര്‍ഭങ്ങളായും മാറ്റുവാന്‍ ഇടയാക്കണമേ. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ എല്ലാ പോരായ്മകളും ക്ഷമിച്ച്, ഈ പുതിയ വര്‍ഷം ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നതിനും മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും സമൂഹത്തിനും അഭിമാനിക്കാവുന്ന വിധത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും ഈ മകനെ/മകളെ അങ്ങ് സഹായിക്കണമേ. ജന്മം നല്കുകയും വളര്‍ത്തുകയും ചെയ്ത മാതാപിതാക്കളെയും സ്‌നേഹം നല്കി പരിപോഷിപ്പിക്കുന്ന ബന്ധുജനങ്ങളെയും ഈ ദിവസം ഓർക്കുകയും അനുമോദിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ഉദാരമായി പ്രതിസമ്മാനം നല്കുകയും ചെയ്യണമേ. ആമ്മേന്‍.