ബൈബിൾ വായനകൾ

Daily Liturgical Bible Readings

This page provides the daily liturgical Bible readings used in the Syro-Malabar Holy Qurbana. Catholic believers in Kerala can read the Word of God in Malayalam and prepare spiritually for Mass.

തീയതി തിരഞ്ഞെടുക്കുക
Select a date to view readings

ശ്ലീഹാക്കാലം

ശ്ലീഹാ ഏഴാം ബുധന്‍

08 July 2026

ഈശോ കര്‍ത്താവാണെന്നുപറയാന്‍ ശക്തനാക്കുന്ന പരിശുദ്ധാത്മാവ്.

1 കോറി 12:1-11
1 കോറി 12:1-11 ഈശോ കര്‍ത്താവാണെന്നുപറയാന്‍
ശക്തനാക്കുന്ന പരിശുദ്ധാത്മാവ്.
1 സഹോദരരേ, നിങ്ങള്‍ ആത്മീയ ദാനങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.2 നിങ്ങള്‍ വിജാതീയരായിരുന്നപ്പോള്‍ സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക് അപഥ സഞ്ചാരം ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടല്ലോ.3 ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.4 ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ.5 ശുശ്രൂഷകളില്‍വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ.6 പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്‍കുന്ന ദൈവം ഒന്നുതന്നെ.7 ഓരോരുത്തരിലും ആത്മാവുവെളിപ്പെടുന്നത് പൊതുനന്‍മയ്ക്കുവേണ്ടിയാണ്.8 ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്‍െറ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്‍െറ വചനവും നല്‍കുന്നു. 9 ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു.10 ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവു തന്നെ നല്‍കുന്നു.11 തന്‍െറ ഇ ച്ഛയ്ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്‍െറ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം.

ദൈവാത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല.

മര്‍ക്കോ 3:20-30
മര്‍ക്കോ 3:20-30 ദൈവാത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല.
20 അനന്തരം അവന്‍ ഒരു ഭവനത്തില്‍ പ്രവേശിച്ചു. ജനങ്ങള്‍ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തന്‍മൂലം, ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല.21 അവന്‍െറ സ്വന്തക്കാര്‍ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കേട്ടിരുന്നു.22 ജറുസലെമില്‍നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്.23 അവന്‍ അവരെ അടുത്തു വിളിച്ച്, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങനെയാണ് സാത്താനെ പുറത്താക്കാന്‍ കഴിയുക?24 അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല.25 അന്ത ശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല.26 സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും ചെയ്താല്‍ അവനു നിലനില്‍ക്കുക സാധ്യമല്ല. അത് അവന്‍െറ അവസാനമായിരിക്കും.27 ശക്തനായ ഒരുവന്‍െറ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവര്‍ച്ചനടത്താന്‍ കഴിയൂ.28 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും.29 എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും.30 അവന്‍ ഇങ്ങനെ പറഞ്ഞത്, തനിക്ക് അശുദ്ധാത്മാവുണ്ട് എന്ന് അവര്‍ പറഞ്ഞതിനാലാണ്.