കുരിശിന്റെ വഴി

"ഒരുവൻ എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ നിഷേധിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ."

പ്രാരംഭ ഗാനം
കുരിശിൽ മരിച്ചവനേ, കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരോഴുക്കിയങ്ങേ, കുരിശിൻ്റെ
വഴിയേവരുന്നു ഞങ്ങൾ.

ലോകൈകനാഥാ, നിൻ
ശിഷ്യനായ്ത്തീരു-വനാശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിൻ കാല്‍പാടു പിഞ്ചെല്ലാൻ
കല്പിച്ച നായകാ.

നിൻ ദിവ്യരക്തത്താലെൻ പാപമാലിന്യം
കഴുകേണമേ, ലോകനാഥാ.

പ്രാരംഭ പ്രാർത്ഥന

നിത്യനായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യർക്കുവേണ്ടി ജീവൻ ബലി കഴിക്കുവാൻ തിരുമനസ്സായ കർത്താവേ ഞങ്ങൾ അങ്ങേയ്ക്കു നന്ദിപറയുന്നു.

അങ്ങു ഞങ്ങളെ സ്നേഹിച്ചു: അവസാനംവരെ സ്നേഹിച്ചു സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ പീലാത്തോസിൻറെ ഭവനം മുതൽ ഗാഗുൽത്താവരെ കുരിശും വഹിച്ചു കൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിൻറെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിൻറെയും രക്തത്തിൻറെയും ആ വഴിയിൽക്കൂടി; വ്യാകുലയായ മാതാവിൻറെ പിന്നാലെ ഒരു തീർത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. സ്വർഗ്ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും,വാതിൽ ഇടുങ്ങിയതുമാണെന്ന്‌ ഞങ്ങളെ അറിയിച്ച കർത്താവേ, ജീവിതത്തിൻറെ ഒരോ ദിവസവും ഞങ്ങൾക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയിൽക്കൂടി സഞ്ചരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
1
മരണത്തിനായ് വിധിച്ചു, കറയറ്റ
ദൈവത്തിൻ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കർത്താവിനെ.

അറിയാത്ത കുറ്റങ്ങൾ നിരയായ് ചുമത്തി
പരിശുദ്ധനായ നിന്നിൽ;
കൈവല്യദാത, നിൻ കാരുണ്യം കൈകൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ
അവസാനവിധിയിൽ നീയാലിവാർന്നു ഞങ്ങൾക്കയാരുളേണമേ നാകഭാഗ്യം.

ഒന്നാം സ്ഥലം

(ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
മനുഷ്യകുലത്തിൻറെ പാപപ്പരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു.. ഈശോ പീലാത്തോസിൻറെ മുമ്പിൽ നിൽക്കുന്നു… അവിടുത്തെ ഒന്നു നോക്കുക… ചമ്മട്ടിയടിയേറ്റ ശരീരം… രക്തത്തിൽ ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ… തലയിൽ മുൾമുടി…. ഉറക്കമൊഴിഞ്ഞ കണ്ണുകൾ…. ക്ഷീണത്താൽ വിറയ്ക്കുന്ന കൈകാലുകൾ… ദാഹിച്ചുവരണ്ട നാവ്…. ഉണങ്ങിയ ചുണ്ടുകൾ.

പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു… കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു… എങ്കിലും അവിടുന്ന് എല്ലാം നിശ്ശബ്ദനായി സഹിക്കുന്നു.
പ്രാർത്ഥന:
എൻറെ ദൈവമായ കർത്താവേ, അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ. എന്നെ മറ്റുള്ളവർ തെറ്റിദ്ധരിക്കുമ്പോഴും, നിർദ്ദയമായി വിമർശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാൻ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
2
കുരിശു ചുമന്നിടുന്നു ലോകത്തിൻ
വിനകൾ ചുമന്നിടുന്നു
നീങ്ങുന്നു ദിവ്യനാഥൻ നിന്ദനം
നിറയും നിരത്തിലൂടെ.

"എൻ ജനമേ, ചൊല്‍ക
ഞാനെന്തു ചെയ്തു
കുരിശെൻ്റെ തോളിലേറ്റാൻ?
പൂന്തേൻ തുളുബുന്ന
നാട്ടിൽ ഞാൻ നിങ്ങളെ
ആശയോടാനയിച്ചു:
എന്തേ, യിദം നിങ്ങളെല്ലാം മറന്നെൻ്റെ
ആത്മാവിനാതങ്കമേറ്റി?"

രണ്ടാം സ്ഥലം

(ഈശോ മിശിഹാ കുരിശു ചുമക്കുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു… ഈശോയുടെ ചുറ്റും നോക്കുക… സ്നേഹിതന്മാർ ആരുമില്ല… യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു… പത്രോസ് അവിടുത്തെ പരിത്യജിച്ചു… മറ്റു ശിഷ്യന്മാർ ഓടി ഒളിച്ചു… അവിടുത്തെ അത്ഭുതപ്രവൃത്തികൾ കണ്ടവരും അവയുടെ ഫലം അനുഭവിച്ചവരും ഇപ്പോൾ എവിടെ?… ഓശാന പാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു… ഈശോയെ സഹായിക്കുവാനോ, ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല…
പ്രാർത്ഥന:
എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച് തൻറെ കുരിശും വഹിച്ചുകൊണ്ട് എൻറെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുൾ ചെയ്തിട്ടുണ്ടല്ലോ. എൻറെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാൻ അങ്ങേ രക്തമണിഞ്ഞ കാൽപ്പാടുകൾ പിന്തുടരുന്നു. വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കർത്താവേ എൻറെ ക്ലേശങ്ങളെല്ലാം പരാതി കൂടാതെ സഹിക്കുവാൻ എന്നെ സഹായിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
3
കുരിശിൻ കനത്ത ഭാരം താങ്ങുവാൻ
കഴിയാതെ ലോകനാഥൻ
പാദങ്ങൾ പതറിവീണു കല്ലുകൾ
നിറയും പെരുവഴിയിൽ.

തൃപ്പാദം കല്ലിന്മേൽ
തട്ടി മുറിഞ്ഞു,
ചെന്നിണം വാർന്നൊഴുകി;
മാനവരില്ലാ
വാനവരില്ലാ
താങ്ങിത്തുണച്ചീടുവാൻ

അനുതാപമൂറുന്ന
ചുടുകണ്ണുനീർ തൂകിയണയുന്നു മുന്നിൽ ഞങ്ങൾ.

മൂന്നാം സ്ഥലം

(ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
കല്ലുകൾ നിറഞ്ഞ വഴി… ഭാരമുള്ള കുരിശ്… ക്ഷീണിച്ച ശരീരം… വിറയ്ക്കുന്ന കാലുകൾ… അവിടുന്ന് മുഖം കുത്തി നിലത്തു വീഴുന്നു… മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു…. യൂദന്മാർ അവിടുത്തെ പരിഹസിക്കുന്നു… പട്ടാളക്കാർ അടിക്കുന്നു…. ജനക്കൂട്ടം ആർപ്പു വിളിക്കുന്നു … അവിടുന്ന് മിണ്ടുന്നില്ല…

“ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൾ വച്ചു. ഞാൻ വലത്തേക്കു തിരിഞ്ഞു നോക്കി, എന്നെ അറിയുന്നവർ ആരുമില്ല, ഓടി ഒളിക്കുവാൻ ഇടമില്ല, എന്നെ രക്ഷിക്കുവാൻ ആളുമില്ല.”

“അവിടുന്ന് നമ്മുടെ ഭാരംചുമക്കുന്നു: നമുക്കുവേണ്ടി അവിടുന്ന് സഹിച്ചു.”
പ്രാർത്ഥന:
കർത്താവേ ഞാൻ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണു പോകുന്നു. മറ്റുള്ളവർ അത് കണ്ടു പരിഹസിക്കുകയും എൻറെ വേദന വർദ്ധിപ്പിക്കുകയും ചെയ്യാറുണ്ട്. കർത്താവേ എനിക്കു വീഴ്ചകൾ ഉണ്ടാകുമ്പോൾ എന്നെ തന്നെ നിയന്ത്രിക്കുവാൻ എന്നെ പഠിപ്പിക്കണമേ, കുരിശു വഹിക്കുവാൻ ശക്തിയില്ലാതെ ഞാൻ തളരുമ്പോൾ എന്നെ സഹായിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
4
വഴിയിൽക്കരഞ്ഞു വന്നോരമ്മയെ
തനയൻ തിരിഞ്ഞു നോക്കി
സ്വർഗ്ഗീയകാന്തി ചിന്തും മിഴികളിൽ
കൂരമ്പു താണിറങ്ങി

"ആരോടു നിന്നെ ഞാൻ
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?" ആരറിഞ്ഞാഴത്തിലലതല്ലി നിൽക്കുന്ന
നിൻ മനോവേദന?

നിൻ കണ്ണുനീരാൽ
കഴുകേണമെന്നിൽ
പതിയുന്ന മാലിന്യമെല്ലാം.

നാലാം സ്ഥലം

(ഈശോ വഴിയിൽ വച്ചു തൻറെ മാതാവിനെ കാണുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു. ഇടയ്ക്കു സങ്കടകരമായ ഒരു കൂടികാഴ്ച… അവിടുത്തെ മാതാവു ഓടി എത്തുന്നു… അവർ പരസ്പരം നോക്കി… കവിഞ്ഞൊഴുകുന്ന നാലു കണ്ണുകൾ… വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങൾ… അമ്മയും മകനും സംസാരിക്കുന്നില്ല.. മകൻറെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു … അമ്മയുടെ വേദന മകൻറെ ദുഃഖം വർദ്ധിപ്പിക്കുന്നു…

നാൽപതാം ദിവസം ഉണ്ണിയെ ദേവാലയത്തിൽ കാഴ്ച വച്ച സംഭവം മാതാവിൻറെ ഓർമ്മയിൽ വന്നു. “നിൻറെ ഹൃദയത്തിൽ ഒരു വാൾ കടക്കും” എന്ന് പരിശുദ്ധനായ ശിമയോൻ അന്നു പ്രവചിച്ചു.

“കണ്ണുനീരോടെ വിതക്കുന്നവൻ സന്തോഷത്തോടെ കൊയ്യുന്നു” “ഈ ലോകത്തിലെ നിസ്സാര സങ്കടങ്ങൾ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു”.
പ്രാർത്ഥന:
ദുഖസമുദ്രത്തിൽ മുഴുകിയ ദിവ്യരക്ഷിതാവേ, സഹനത്തിൻറെ ഏകാന്തനിമിഷങ്ങളിൽ അങ്ങേ മാതാവിൻറെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. അങ്ങയുടെയും അങ്ങേ മാതാവിൻറെയും സങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങളാണെന്നു ഞങ്ങൾ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
5
കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയൊൻ തുണച്ചീടുന്നു
നാഥാ നിൻ കുരിശു താങ്ങാൻ കൈവന്ന
ഭാഗ്യമേ, ഭാഗ്യം.
നിൻ കുരിശെത്രയോ
ലോലം, നിൻ നുക-
മാനന്ദദായകം
അഴലില്‍ വീണുഴലുന്നോർ-
ക്കവലംബമേകുന്ന
കുരിശേ നമിച്ചിടുന്നു.

സുരലോകനാഥാ, നിൻ
കുരിശൊന്നു താങ്ങുവാൻ
തരണേ വരങ്ങൾ നിരന്തം.

അഞ്ചാം സ്ഥലം

(ശിമയോൻ ഈശോയെ സഹായിക്കുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഈശോ വളരെ അധികം തളർന്നു കഴിഞ്ഞു…. ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാൻ ശക്തനല്ല… അവിടുന്ന് വഴിയിൽ വച്ചു തന്നെ മരിച്ചു പോയേക്കുമെന്നു യൂദന്മാർ ഭയന്നു … അപ്പോൾ ശിമയോൻ എന്നൊരാൾ വയലിൽ നിന്നു വരുന്നത് അവർ കണ്ടു.. കെവുറീൻകാരനായ ആ മനുഷ്യൻ അലക്സാണ്ടറിൻറെയും റോപ്പോസ്സിൻറെയും പിതാവായിരുന്നു… അവിടുത്തെ ചുമക്കുവാൻ അവർ അയാളെ നിർബന്ധിച്ചു.. അവർക്ക് ഈശോയോടു സഹതാപം തോന്നിയിട്ടല്ല, ജീവനോടെ അവിടുത്തെ കുരിശിൽ തറക്കമെന്നു അവർ തീരുമാനിച്ചിരുന്നു.
പ്രാർത്ഥന:
കരുണാനിധിയായ കർത്താവേ, ഈ സ്ഥിതിയിൽ ഞാൻ അങ്ങയെ കണ്ടിരുന്നുവെങ്കിൽ എന്നെ തന്നെ വിസ്മരിച്ചു ഞാൻ അങ്ങയെ സഹായിക്കുമായിരുന്നു. എന്നാൽ “എൻറെ ഈ ചെറിയ സഹോദരനിൽമാരിൽ ആർക്കെങ്കിലും നിങ്ങൾ സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ” അതിനാൽ ചുറ്റുമുള്ളവരിൽ അങ്ങയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. അപ്പോൾ ഞാനും ശിമയോനെ പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂർത്തിയാവുകയും ചെയ്യും.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
6
വാടിത്തളർന്നു മുഖം-നാഥൻ്റെ
കണ്ണുകൾ താണുമങ്ങി
വേറൊനിക്കാ മിഴിനീർ തൂകിയാ-
ദിവ്യാനനം തുടച്ചു.

മാലാഖമാർക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെപ്പൂനിലാവേ,
താബോർ മാമല-
മേലേ നിന്മുഖം
സൂര്യനെപ്പോലെ മിന്നി.

ഇന്നാമുഖത്തിൻ്റെ
ലാവണ്യമൊന്നാകെ
മങ്ങി ദുഃഖത്തിൽ മുങ്ങി.

ആറാം സ്ഥലം

(വേറോനിക്ക മിശിഹായുടെ തിരുമുഖം തുടക്കുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഭക്തയായ വെറോനിക്ക മിശിഹായെ കാണുന്നു…. അവളുടെ ഹൃദയം സഹതാപത്താൽ നിറഞ്ഞു. … അവൾക്കു അവിടുത്തെ ആശ്വസ്സിപ്പിക്കണം. പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവൾ ഈശോയെ സമീപിക്കുന്നു… ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ… സ്നേഹം പ്രതിബന്ധം അറിയുന്നില്ല… “പരമാർത്ഥഹൃദയർ അവിടുത്തെ കാണും.”. “അങ്ങിൽ ശരണപ്പെടുന്നവർ ആരും നിരാശരാവുകയില്ല” അവൾ ഭക്തിപൂർവ്വം തൻറെ തൂവാല എടുത്തു… രക്തം പുരണ്ട മുഖം വിനയപൂർവ്വം തുടച്ചു…
പ്രാർത്ഥന:
“എന്നോട് സഹതാപിക്കുന്നവരുണ്ടോ എന്നു ഞാൻ അന്വേഷിച്ചു നോക്കി. ആരെയും ഞാൻ കണ്ടില്ല; എന്നെ ആശ്വസ്സിപ്പിക്കുവാൻ ആരുമില്ല”. പ്രവാചകൻ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകൾ എൻറെ ചെവികളിൽ മുഴങ്ങികൊണ്ടിരിക്കുന്നു. സ്നേഹം നിറഞ്ഞ കർത്താവേ, വേറൊനിക്കായെ പോലെ അങ്ങയോടു സഹതപിക്കാനും അങ്ങയെ ആശ്വസിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിൻറെ മായാത്ത മുദ്ര എൻറെ ഹൃദയത്തിൽ പതിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
7
ഉച്ചവെയിൽ പൊരിഞ്ഞു -ദുസ്സഹ
മർദ്ദനത്താൽ വലഞ്ഞു
ദേഹം തളർന്നു താണു-രക്ഷകൻ
വീണ്ടും നിലത്തു വീണു

ലോകപാപങ്ങളാനങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം
ഭാരം നിറഞ്ഞോരാ
ക്രൂശു നിർമിച്ചതെൻ
പാപങ്ങൾ തന്നെയല്ലോ

താപം കലർന്നങ്ങേ
പാദം പുണർന്നു ഞാൻ
കേഴുന്നു: കനിയേണമെന്നിൽ.

ഏഴാം സ്ഥലം

(ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു…മുറിവുകളിൽ നിന്നു രക്തമൊഴുകുന്നു… ശരീരമാകെ വേദനിക്കുന്നു… “ഞാൻ പൂഴിയിൽ വീണു പോയി: എൻറെ ആത്മാവ് ദുഖിച്ചു തളർന്നു” ചുറ്റുമുള്ളവർ പരിഹസിക്കുന്നു… അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല… “എൻറെ പിതാവ് എനിക്ക് തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?” പിതാവിൻറെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.
പ്രാർത്ഥന:
മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ, അങ്ങയെ ആശ്വസ്സിപ്പിക്കുവാനായി ഞങ്ങൾ അങ്ങയെ സമീപിക്കുന്നു. അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ശക്തിയില്ല. ജീവിതത്തിൻറെ ഭാരത്താൽ ഞങ്ങൾ തളർന്നുവീഴുകയും എഴുന്നേൽക്കുവാൻ കഴിവില്ലാതെ വലയുകയും ചെയ്യുന്നു. അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
8
"ഓർശ്ലെമിൻ പുത്രിമാരേ, നിങ്ങളി-
ന്നെന്നെയോർത്തെന്തിനേവം
കരയുന്നു? നിങ്ങളേയും സുതരേയുമോർത്തോർത്തു കേണുകൊൾവിൻ:"

വേദന തിങ്ങുന്ന
കാലം വരുന്നു
കണ്ണീരണിഞ്ഞ കാലം
'മലകളേ, ഞങ്ങളെ
മൂടുവിൻ വേഗ'മെന്നാരവം കേൾക്കുമെങ്ങും.

കരള്‍നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥൻ സമാശ്വാസമേകി.

എട്ടാം സ്ഥലം

(ഈശോ മിശിഹാ ഓർശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഓറശ്ലത്തിൻറെ തെരുവുകൾ ശബ്ദായമാനമായി…. പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങൾ വഴിയിലേക്കു വരുന്നു…. അവർക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേക്ക് നയിക്കപ്പെടുന്നു… അവിടത്തെ പേരിൽ അവർക്ക് അനുകമ്പ തോന്നി… ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓർമ്മയിൽ വന്നു… സൈത്തിൻ കൊമ്പുകളും ജയ് വിളികളും…. അവർ കണ്ണുനീർ വാർത്തു കരഞ്ഞു…അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു… അവിടുന്ന് അവരോടു പറയുന്നു: “നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ.”

ഏതാനും വർഷങ്ങൾക്കുള്ളിൽ ഓർശ്ലം ആക്രമിക്കപ്പെടും…അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും… ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു… അവിടന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.
പ്രാർത്ഥന:
എളിയവരുടെ സങ്കേതമായ കർത്താവേ ഞെരുക്കത്തിൻറെ കാലത്തു ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകൾ ഓർത്ത്‌ ഞങ്ങൾ ദുഖിക്കുന്നു. അവയ്ക്കു കാരണമായ ഞങ്ങളുടെ പാപങ്ങളോർത്തു കരയുവാനും ഭാവിയിൽ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
9
കൈകാലുകൾ കുഴഞ്ഞു നാഥൻ്റെ
തിരുമെയ്‌ തളർന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയിൽ
വീഴുന്നു ദൈവപുത്രൻ.

"മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി
താണുപോയ്‌ നാവെൻ്റെ;
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി"

വളരുന്നു ദുഖങ്ങൾ
തളരുന്നു പൂമേനി
ഉരുകുന്നു കരളിൻ്റെയുള്ളം.

ഒൻപതാം സ്ഥലം

(ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
മുന്നോട്ടു നീങ്ങുവാൻ അവിടുത്തേക്ക്‌ ഇനി ശക്തിയില്ല…രക്തമെല്ലാം തീരാറായി.. തലകറങ്ങുന്നു… ശരീരം വിറയ്ക്കുന്നു.. അവിടുന്ന് അതാ നിലം പതിക്കുന്നു…. സ്വയം എഴുന്നേൽക്കാൻ ശക്തിയില്ല… ശത്രുക്കൾ അവിടുത്തെ വലിച്ചെഴുന്നേൽപ്പിക്കുന്നു… ബലി പൂർത്തിയാകുവാൻ ഇനി വളരെ സമയമില്ല… അവിടുന്നു നടക്കുവാൻ ശ്രമിക്കുന്നു..

“നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാൻ”എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകൾ ഇപ്പോൾ നമ്മെ നോക്കി അവിടുന്ന് ആവർത്തിക്കുന്നു.
പ്രാർത്ഥന:
ലോകപാപങ്ങൾക്കു പരിഹാരം ചെയ്ത കർത്താവേ, അങ്ങേ പീഡകളുടെ മുമ്പിൽ എൻറെ വേദനകൾ എത്ര നിസ്സാരമാവുന്നു! എങ്കിലും ജീവിതഭാരം നിമിത്തം, ഞാൻ പലപ്പോഴും ക്ഷീണിച്ചുപോകുന്നു. പ്രയാസങ്ങൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. ഒരു വേദന തീരുംമുമ്പ് മറ്റൊന്നു വന്നു കഴിഞ്ഞു: ജീവിതത്തിൽ നിരാശനാവാതെ അവയെല്ലാം അങ്ങയെ ഓർത്ത് സഹിക്കുവാൻ എനിക്ക് ശക്തി തരണമേ. എന്തെന്നാൽ എൻറെ ജീവിതം ഇനി എത്ര നീളുമെന്ന് എനിക്കറിഞ്ഞുകൂടാ “ആർക്കും വേല ചെയ്യാൻ പാടില്ലാത്ത രാത്രികാലം അടുത്തുവരികയാണല്ലോ”.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
10
എത്തീ വിലാപയാത്ര കാൽവരി-
ക്കുന്നിൻ മുകൾ പ്പരപ്പിൽ
നാഥൻ്റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി.

"വൈരികൾ തിങ്ങിവരുന്നെൻ്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങൾ
ഭാഹിചെടുത്തെൻ്റെ
വസ്ത്രങ്ങളെല്ലാം"
പാപികള്‍ വൈരികൾ.

നാഥാ, വിശുദ്ധിതൻ
തൂവെള്ള വസ്ത്രങ്ങൾ
കനിവാർന്നു ചാർത്തേണമെന്നെ.

പത്താം സ്ഥലം

(ദിവ്യരക്ഷകൻറെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഗാഗുൽത്തായിൽ എത്തിയപ്പോൾ അവർ അവിടത്തേക്ക് മീറ കലർത്തിയ വീഞ്ഞ് കൊടുത്തു. എന്നാൽ അവിടുന്ന് അതു സ്വീകരിച്ചില്ല. അവിടുത്തെ വസ്ത്രങ്ങൾ നാലായി ഭാഗിച്ച് ഓരോരുത്തർ ഓരോ ഭാഗം എടുക്കുകയും ചെയ്തു. മേലങ്കി തയ്യൽ കൂടാതെ നെയ്യപ്പെട്ടതിനാൽ അതാർക്കു ലഭിക്കണമെന്നു ചിട്ടിയിട്ടു തീരുമാനിക്കാം എന്ന് അവർ പരസ്പരം പറഞ്ഞു. “എൻറെ വസ്‌ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു. എൻറെ മേലങ്കിക്കുവേണ്ടി അവർ ചിട്ടിയിട്ടു.”എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വർത്ഥമായി.
പ്രാർത്ഥന:
രക്തത്തിൽ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടപ്പോൾ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ, പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും, മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
11
കുരിശില്‍ക്കിടത്തിടുന്നു നാഥൻ്റെ
കൈകാൽ തറച്ചിടുന്നു.
മർത്യനു രക്ഷനൽക്കാനെത്തിയ
ദിവ്യമാം കൈകാലുകൾ.

"കനിവറ്റ വൈരികൾ
ചേർന്നു തുളച്ചെൻ്റെ
കൈകളും കാലുകളും"
പെരുകുന്നു വേദനയുരുകുന്നു ചേതന
നിലയറ്റ നീർക്കയം

"മരണം പരത്തിയോരിരുളിൽക്കുടുങ്ങി ഞാൻ
ഭയമെന്നെയൊന്നായ് വിഴുങ്ങി"

പതിനൊന്നാം സ്ഥലം

(ഈശോ മിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
ഈശോയെ കുരുശിൽ കിടത്തി കൈകളിലും കാലുകളിലും അവർ ആണി തറയ്ക്കുന്നു…. ആണിപ്പഴുതുകളിലേയ്ക്കു കൈകാലുകൾ വലിച്ചു നീട്ടുന്നു … ഉഗ്രമായ വേദന …. മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയാത്തവിധം ദുസ്സഹമായ പീഡകൾ…. എങ്കിലും അവിടുത്തെ അധരങ്ങളിൽ പരാതിയില്ല… കണ്ണുകളിൽ നൈരാശ്യമില്ല.. പിതാവിൻറെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു പ്രാർത്ഥിക്കുന്നു.

ലോകരക്ഷകനായ കർത്താവേ, സ്നേഹത്തിൻറെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശിൽ തറച്ചു. അങ്ങ് ലോകത്തില നിന്നല്ലാത്തതിനാൽ ലോകം അങ്ങയെ ദ്വേഷിച്ചു. യജമാനനേക്കാൾ വലിയ ഭൃത്യൻ ഇല്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. അങ്ങയെ പീഡിപ്പിച്ചവർ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങൾ അറിയുന്നു. അങ്ങയോടുകൂടെ കുരിശിൽ തറയ്ക്കപ്പെടുവാനും, ലോകത്തിനു മരിച്ച്, അങ്ങേക്കുവേണ്ടി മാത്രം ജീവിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാർത്ഥന:
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
12
കുരിശിൽ കിടന്നു ജീവൻ പിരിയുന്നു
ഭുവനൈകനാഥനീശോ
സൂര്യൻ മറഞ്ഞിരിണ്ടു
നാടെങ്ങുമന്ധകാരം നിറഞ്ഞു.

"നരികൾക്കുറങ്ങുവാനളയുണ്ടു പറവയ്ക്കു
കൂടുണ്ടു പാർക്കുവാൻ
നരപുത്രനൂഴിയിൽ
തലയൊന്നു ചായ്ക്കുവാനിടമില്ലോരെടവും."

പുൽക്കൂടുതോട്ടങ്ങേ
പുൽകുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായിവന്നു.

പന്ത്രണ്ടാം സ്ഥലം

(ഈശോ മിശിഹാ കുരിശിന്മേൽ തൂങ്ങി മരിക്കുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
രണ്ടു കള്ളൻമാരുടെ നടുവിൽ അവിടുത്തെ അവർ കുരിശിൽ തറച്ചു…. കുരിശിൽ കിടന്നുകൊണ്ടു ശത്രുക്കൾക്കു വേണ്ടി അവിടുന്നു പ്രാർത്ഥിക്കുന്നു… നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു … മാതാവും മറ്റു സ്ത്രീകളും കരഞ്ഞുകൊണ്ടു കുരിശിനു താഴെ നിന്നിരുന്നു. ‘ഇതാ നിൻറെ മകൻ ‘ എന്ന് അമ്മയോടും ‘ഇതാ നിൻറെ അമ്മ ‘എന്ന് യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു. പന്ത്രണ്ടുമണി സമയമായിരുന്നു. ‘എൻറെ പിതാവേ, അങ്ങേ കൈകളിൽ എൻറെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു,’ എന്നരുളിച്ചെയ്ത് അവിടുന്ന് മരിച്ചു. പെട്ടെന്ന് സൂര്യൻ ഇരുണ്ടു. മൂന്നു മണി വരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി പോയി. ഭൂമിയിളകി; പാറകൾ പിളർന്നു ; പ്രേതാലയങ്ങൾ തുറക്കപ്പെട്ടു.

ശതാധിപൻ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചു കൊണ്ട് ‘ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു ‘ എന്നു വിളിച്ചു പറഞ്ഞു. കണ്ടു നിന്നവർ മാറത്തടിച്ചു കൊണ്ട് മടങ്ങി പോയി.
പ്രാർത്ഥന:
“എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട്. അതു പൂർത്തിയാകുന്നതുവരെ ഞാൻ അസ്വസ്ഥനാകുന്നു.” കർത്താവേ, അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങി കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂർത്തിയാക്കി. എൻറെ ബലിയും ഒരിക്കൽ പൂർത്തിയാകും ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെ പോലെ ഇപ്രകാരം പ്രാർത്ഥിക്കുവാൻ എന്നെ അനുവദിക്കണമേ. ‘എൻറെ പിതാവേ, ഭൂമിയിൽ ഞാൻ അങ്ങയെ മഹത്വപ്പെടുത്തി; എന്നെ ഏൽപ്പിച്ചിരുന്ന ജോലി ഞാൻ പൂർത്തിയാക്കി. ആകെയാൽ അങ്ങേ പക്കൽ എന്നെ മഹാത്വപ്പെടുത്തണമേ.”
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
13
അരുമസുതൻ്റെ മേനി മാതാവു
മടിയിൽക്കിടത്തിടുന്നു.
അലയാഴിപോലെനാഥേ, നിൻദുഃഖമതിരുകാണാത്തതല്ലോ.

പെരുകുന്ന സന്താപമുനയേറ്റഹോ നിൻ്റെ
ഹൃദയം പിളർന്നുവല്ലോ
ആരാരുമില്ല, തെല്ലാശ്വസമെകുവാനാകുലനായികേ.

"മുറ്റുന്ന ദുഖത്തിൽ
ചുറ്റും തിരിഞ്ഞു ഞാൻ
കിട്ടീലൊരാശ്വസമെങ്ങും."

പതിമൂന്നാം സ്ഥലം

(മിശിഹായുടെ മൃതദേഹം മാതാവിൻറെ മടിയിൽ കിടത്തുന്നു)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
അന്ന് വെള്ളിയാഴ്ചയായിരുന്നു.പിറ്റേന്നു ശാബതമാകും. അതുകൊണ്ടു ശരീരങ്ങൾ രാത്രി കുരിശിൽ കിടക്കാൻ പാടില്ലെന്നു യൂദന്മാർ പറഞ്ഞു. എന്തെന്നാൽ ആ ശാബതം വലിയ ദിവസമായിരുന്നു. തന്മൂലം കുരിശിൽ തറക്കപ്പെട്ടവരുടെ കണങ്കാലുകൾ തകർത്തു ശരീരം താഴെയിറക്കണമെന്ന് അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു. ആകയാൽ പടയാളികൾ വന്നു മിശിഹായോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ടിരുന്ന രണ്ടു പേരുടെയും കണങ്കാലുകൾ തകർത്തു. ഈശോ മരിച്ചു കഴിഞ്ഞിരുന്നു എന്നു കണ്ടതിനാൽ അവിടുത്തെ കണങ്കാലുകൾ തകർത്തില്ല. എങ്കിലും പടയാളികളിൽ ഒരാൾ കുന്തംകൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി. ഉടനെ അവിടെനിന്നു രക്തവും വെള്ളവും ഒഴുകി. അനന്തരം മിശിഹായുടെ മൃതദേഹം കുരിശിൽ നിന്നിറക്കി അവർ മാതാവിൻറെ മടിയിൽ കിടത്തി.
പ്രാർത്ഥന:
ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സലപുത്രൻ മടിയിൽ കിടന്നു കൊണ്ടു മൂകമായ ഭാഷയിൽ അന്ത്യയാത്ര പറഞ്ഞപ്പോൾ അങ്ങ് അനുഭവിച്ച സങ്കടം ആർക്കു വിവരിക്കുവാൻ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കയ്യിലെടുത്തതുമുതൽ ഗാഗുൽത്ത വരെയുള്ള സംഭവങ്ങൾ ഓരോന്നും അങ്ങേ ഓർമ്മയിൽ തെളിഞ്ഞു നിന്നു. അപ്പോൾ അങ്ങു സഹിച്ച പീഡകളെ ഓർത്തു ജീവിതദുഖത്തിൻറെ ഏകാന്ത നിമിഷങ്ങളിൽ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസ്സിപ്പിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
14
നാഥൻ്റെ ദിവ്യദേഹം വിധിപോലെ
സംസ്കരിചിടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവൻ്റെ
ഉറവയാണാക്കുടീരം.

മൂന്നുനാൾ മത്സ്യത്തിനുള്ളിൽ കഴിഞ്ഞൊരു
യൌനാൻ പ്രവാചകൻ പോൽ
ക്ലെശങ്ങളെല്ലാം
പിന്നിട്ടു നാഥൻ
മൂന്നാം ദിനമുയിർക്കും.

പ്രഭയോടുയിർത്തങ്ങേ
വരവേൽപിനെത്തിടാൻ
വരമേകണേ ലോകനാഥാ.

പതിനാലാം സ്ഥലം

(മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്ക്കരിക്കുന്നു.)
ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.
അനന്തരം പീലാത്തോസിൻറെ അനുവാദത്തോടെ റാംസക്കാരനായ യൗസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു. നൂറു റാത്തലോളം സുഗന്ധക്കൂട്ടുമായി നിക്കൊദേമൂസും അയാളുടെ കൂടെ വന്നിരുന്നു. യൂദന്മാരുടെ ആചാരമനുസരിച്ച് കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു. ഈശോ കുരിശിൽ തറച്ചിടത്ത് ഒരു തോട്ടവും അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും, കല്ലറ അടുത്തായിരുന്നതുകൊണ്ടും, അവർ ഈശോയെ അവിടെ സംസ്ക്കരിച്ചു.

“അങ്ങ് എൻറെ ആത്മാവിനെ പാതാളത്തിൽ തള്ളുകയില്ല; അങ്ങേ പരിശുദ്ധൻ അഴിഞ്ഞുപോകുവാൻ അനുവദിക്കുകയുമില്ല”.
പ്രാർത്ഥന:
അനന്തമായ പീഡകൾ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായെ, അങ്ങയോടുകൂടി മരിക്കുന്നവർ അങ്ങയോടുകൂടെ ജീവിക്കുമെന്നു ഞങ്ങൾ അറിയുന്നു. മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ സംസ്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ. രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് പാപത്തിനു മരിച്ചവരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
1 സ്വർഗ്ഗ. 1 നന്മ.

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധദൈവമാതാവേ,
ക്രൂശിതനായ കർത്താവിൻറെ തിരുമുറിവുകൾ എൻറെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
സമാപനഗാനം
ലോകത്തിലാഞ്ഞുവീശി സത്യമാം
നാകത്തിൻ ദിവ്യകാന്തി;
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം

നിന്ദിച്ചു മർത്യനാ
സ്നേഹത്തിടബിനെ
നിർദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവർ
ചിന്തയില്ലാത്തവർ
നാഥാ, പൊറുക്കേണമേ

നിൻ പീഡയോർത്തോർത്തു
കണ്ണീരൊഴുക്കുവാൻ
നൽകേണമേ നിൻവരങ്ങൾ.

സമാപന പ്രാർത്ഥന

നീതിമാനായ പിതാവേ, അങ്ങയെ രഞ്ജിപ്പിക്കുവാൻ സ്വയം ബലിവസ്തുവായിത്തീർന്ന പ്രിയപുത്രനെ തൃക്കണ്‍പാർക്കണമേ. ഞങ്ങൾക്കു വേണ്ടി മരണംവരിച്ച അങ്ങേ പുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും, ഞങ്ങളോട് രമ്യപ്പെടുകയും ചെയ്യണമേ.

അങ്ങേ തിരുക്കുമാരൻ ഗാഗുൽത്തായിൽ ചിന്തിയ തിരുരക്തം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ആ തിരുരക്തത്തെയോർത്തു പ്രാർത്ഥന കൈക്കൊള്ളേണമേ.

ഞങ്ങളുടെ പാപം വലുതാണെന്നു ഞങ്ങൾ അറിയുന്നു. എന്നാൽ അങ്ങേ കാരുണ്യം അതിനേക്കാൾ വലുതാണല്ലോ. ഞങ്ങളുടെ പാപങ്ങൾ കണക്കിലെടുക്കുമ്പോൾ അവയ്ക്കു വേണ്ടിയുള്ള ഈ പരിഹാരബലിയേയും ഗൗനിക്കണമേ.

ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങേ പ്രിയപുത്രൻ ആണികളാൽ തറക്കപ്പെടുകയും കുന്തത്താൽ കുത്തപ്പെടുകയും ചെയ്തു. അങ്ങേ പ്രസാദിപ്പിക്കുവാൻ അവിടുത്തെ പീഡകൾ ധാരാളം മതിയല്ലോ.

തൻറെ പുത്രനെ ഞങ്ങൾക്കു നൽകിയ പിതാവിനു സ്തുതിയും കുരിശുമരണത്താൽ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും, രക്ഷണകൃത്യം പൂർത്തിയാക്കിയ പരിശുദ്ധാത്മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ആമ്മേൻ.

1 സ്വർഗ്ഗ. 1 നന്മ.
(മനസ്താപപ്രകരണം ചൊല്ലുക)
കുരിശിന്റെ വഴി Listen while you read