ആരെങ്കിലും കര്‍ത്താവിനു ധാന്യബലി അര്‍പ്പിക്കുന്നെങ്കില്‍ ബലിവസ്തു നേര്‍മയുള്ള മാവായിരിക്കണം. അതില്‍ എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും ചെയ്യണം.
2
അത് അഹറോന്റെ പുത്രന്‍മാരായ പുരോഹിതരുടെ മുന്‍പില്‍ കൊണ്ടുവരണം. പുരോഹിതന്‍ ഒരു കൈ മാവും എണ്ണയും കുന്തുരുക്കം മുഴുവനും എടുത്തു സ്മരണാംശമായി ബലിപീഠത്തില്‍ ദഹിപ്പിക്കണം. അത് അഗ്‌നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
3
ധാന്യബലിവസ്തുവില്‍ ശേഷിച്ച ഭാഗം അഹറോനും പുത്രന്‍മാര്‍ക്കുമുള്ളതാണ്. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്.
4
ധാന്യബലിക്കുള്ള കാഴ്ചവസ്തു അടുപ്പില്‍ ചുട്ടെടുത്തതാണെങ്കില്‍ അതു നേരിയമാവില്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പമോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അടയോ ആയിരിക്കണം.
5
നിന്റെ ധാന്യബലിക്കുള്ള കാഴ്ചവസ്തു വറചട്ടിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അതു പുളിപ്പില്ലാത്ത നേരിയമാവില്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയതായിരിക്കണം.
6
കഷണങ്ങളായി മുറിച്ച് അതില്‍ എണ്ണയൊഴിക്കണം. അത് ഒരു ധാന്യബലിയാണ്.
7
ധാന്യബലിക്കുള്ള കാഴ്ചവസ്തു ഉരുളിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അത് നേരിയമാവില്‍ എണ്ണചേര്‍ത്ത് ഉണ്ടാക്കിയതായിരിക്കണം.
8
ഇവകൊണ്ടുണ്ടാക്കിയ ധാന്യബലി കര്‍ത്താവിനു കൊണ്ടുവരുമ്പോള്‍ അതു പുരോഹിതനെ ഏല്‍പിക്കണം. അവന്‍ അതു ബലിപീഠത്തിലേയ്ക്കു കൊണ്ടുവരണം.