അഹറോന് ഈജിപ്തിലെ ജലാശയങ്ങളുടെമേല് കൈനീട്ടി; തവളകളെക്കൊണ്ട് ഈജിപ്തുദേശം മുഴുവന് നിറഞ്ഞു.
7
മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല് ഈജിപ്തിലേക്കു തവളകളെ വരുത്തി.
8
അനന്തരം, ഫറവോ മോശയെയും അഹറോനെയും വിളിച്ചുവരുത്തി പറഞ്ഞു: എന്നില്നിന്നും എന്റെ ജനത്തില്നിന്നും തവളകളെ അകറ്റിക്കളയുന്നതിനു കര്ത്താവിനോടു നിങ്ങള് അപേക്ഷിക്കുവിന്; കര്ത്താവിനു ബലിയര്പ്പിക്കാനായി ജനത്തെ ഞാന് വിട്ടയയ്ക്കാം.
9
മോശ ഫറവോയോടു പറഞ്ഞു: തവളകളെ നിന്നില്നിന്നും നിങ്ങളുടെ ഭവനങ്ങളില്നിന്നും അകറ്റി നദിയില് മാത്രം ഒതുക്കി നിര്ത്തുന്നതിനായി നിനക്കും സേവകര്ക്കും ജനത്തിനും വേണ്ടി ഞാന് എപ്പോഴാണ് പ്രാര്ഥിക്കേണ്ടതെന്ന് അറിയിക്കുക.
10
ഫറവോ പറഞ്ഞു: നാളെ. മോശ തുടര്ന്നു: അങ്ങനെയാകട്ടെ. ഞങ്ങളുടെ ദൈവമായ കര്ത്താവിനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും.
11
തവളകള് നിന്നില്നിന്നും വീടുകളില് നിന്നും സേവകരില്നിന്നും ജനത്തില് നിന്നും അകന്നു നദിയില് മാത്രം ഒതുങ്ങി നില്ക്കും.
12
മോശയും അഹറോനും ഫറവോയുടെ അടുത്തുനിന്നു പോയി. തവളകളെക്കുറിച്ചു താന് ഫറവോയോടു പറഞ്ഞതുപോലെ മോശ കര്ത്താവിനോട് അപേക്ഷിച്ചു.
13
മോശ അപേക്ഷിച്ചതുപോലെ കര്ത്താവു പ്രവര്ത്തിച്ചു. വീടുകളിലും അങ്കണങ്ങളിലും വയലുകളിലുമുണ്ടായിരുന്ന തവളകള് ചത്തൊടുങ്ങി.
14
അവര് അവയെ വലിയ കൂനകളായി കൂട്ടി. നാട്ടില് ദുര്ഗന്ധം വ്യാപിച്ചു.
15
സ്വൈരം ലഭിച്ചെന്നു കണ്ടപ്പോള് കര്ത്താവു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം കഠിനമായി. അവന് അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
16
കര്ത്താവു മോശയോടു പറഞ്ഞു: നീ അഹറോനോടു പറയുക: നിന്റെ വടികൊണ്ടു നിലത്തെ പൂഴിയില് അടിക്കുക. അപ്പോള് അതു പേനായിത്തീര്ന്ന് ഈജിപ്തു മുഴുവന് വ്യാപിക്കും.
17
അവന് അപ്രകാരം ചെയ്തു; അഹറോന് വടിയെടുത്ത് കൈനീട്ടി നിലത്തെ പൂഴിയില് അടിച്ചു. ഉടനെ മനുഷ്യരുടെയും മൃഗങ്ങളുടെയും മേല് പേന് നിറഞ്ഞു. ഈജിപ്തിലെ പൂഴി മുഴുവന് പേനായിത്തീര്ന്നു.
18
മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല് പേന് പുറപ്പെടുവിക്കാന് ശ്രമിച്ചു. എന്നാല്, സാധിച്ചില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല് പേന് നിറഞ്ഞുനിന്നു.
19
അപ്പോള് മന്ത്രവാദികള് ഫറവോയോടു പറഞ്ഞു: ഇവിടെ ദൈവകരം പ്രവര്ത്തിക്കുന്നു. എങ്കിലും കര്ത്താവു മുന്കൂട്ടി അറിയിച്ചതുപോലെ ഫറവോ കഠിനഹൃദയനായി നിലകൊണ്ടു. അവന് അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
20
കര്ത്താവു മോശയോട് അരുളിച്ചെയ്തു: നീ അതിരാവിലെ എഴുന്നേറ്റ്, ഫറവോ നദിയിലേക്കു വരുമ്പോള് അവന്റെ വഴിയില് കാത്തുനിന്ന് അവനോടു പറയണം: കര്ത്താവ് ഇപ്രകാരം പറയുന്നു: എന്നെ ആരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക.
21
എന്റെ ജനത്തെ വിട്ടയയ്ക്കാത്തപക്ഷം, നിന്റെയും സേവകരുടെയും ജനത്തിന്റെയും മേല് ഞാന് ഈച്ചകളെ അയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള് ഈച്ചകളെക്കൊണ്ടു നിറയും. അവര് നില്ക്കുന്ന സ്ഥലംപോലും ഈച്ചക്കൂട്ടങ്ങള് പൊതിയും.
22
എന്നാല്, എന്റെ ജനം വസിക്കുന്ന ഗോഷെന് പ്രദേശത്തെ ഞാന് ഒഴിച്ചുനിര്ത്തും; അവിടെ ഈച്ചകള് ഉണ്ടായിരിക്കയില്ല. അങ്ങനെ ഭൂമിയില് ഞാനാണ് കര്ത്താവ് എന്നു നീ ഗ്രഹിക്കും.
23
എന്റെ ജനത്തെനിന്റെ ജനത്തില്നിന്നു ഞാന് വേര്തിരിക്കും. ഈ അടയാളം നാളെത്തന്നെ കാണപ്പെടും.
24
കര്ത്താവ് അപ്രകാരം പ്രവര്ത്തിച്ചു. ഫറവോയുടെയും സേവകരുടെയും ഭവനങ്ങള് മാത്രമല്ല ഈജിപ്തുരാജ്യം മുഴുവന് ഈച്ചകളുടെ കൂട്ടംകൊണ്ടു നിറഞ്ഞു. ഈച്ചകള്മൂലം നാടു നശിച്ചുതുടങ്ങി.
25
അപ്പോള് ഫറവോ മോശയെയും അഹറോനെയും വിളിച്ചു പറഞ്ഞു: നിങ്ങള്പോയി ഈ രാജ്യത്തിനുള്ളില് എവിടെയെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്പ്പിച്ചുകൊള്ളുവിന്.
26
മോശ പറഞ്ഞു: അങ്ങനെ ചെയ്യുന്നതു ശരിയല്ല. കാരണം, ഈജിപ്തുകാര്ക്ക് അരോചകമായ വസ്തുക്കളാണു ഞങ്ങളുടെ ദൈവമായ കര്ത്താവിനു ഞങ്ങള് ബലിയര്പ്പിക്കുന്നത്. തങ്ങള്ക്ക് അരോചകമായ വസ്തുക്കള് അവര് കാണ്കെ ബലിയര്പ്പിക്കുകയാണെങ്കില് അവര് ഞങ്ങളെ കല്ലെറിയുകയില്ലേ?
27
കര്ത്താവിന്റെ കല്പനയനുസരിച്ച് ഞങ്ങള് മൂന്നുദിവസത്തെയാത്ര ചെയ്ത് മരുഭൂമിയില്വച്ചു ഞങ്ങളുടെ ദൈവമായ കര്ത്താവിനു ബലിയര്പ്പിക്കട്ടെ.
28
അപ്പോള് ഫറവോ പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്ത്താവിനു മരുഭൂമിയില് ബലിയര്പ്പിക്കാന് ഞാന് നിങ്ങളെ വിട്ടയയ്ക്കാം. എന്നാല്, നിങ്ങള് വളരെ അകലെ പോകരുത്. എനിക്കുവേണ്ടി നിങ്ങള് പ്രാര്ഥിക്കുകയും വേണം.
29
മോശ ഫറവോയോടു പറഞ്ഞു: ഞാന് ഉടനെ നിന്നെ വിട്ടു പോകയാണ്. ഫറവോയില്നിന്നും സേവകരില്നിന്നും ജനത്തില്നിന്നും ഈച്ചകള് നാളെത്തന്നെ അകന്നു പോകണമെന്നു ഞാന് കര്ത്താവിനോടു പ്രാര്ഥിക്കും. കര്ത്താവിനു ബലിയര്പ്പിക്കാന്വേണ്ടി ജനങ്ങളെ വിട്ടയയ്ക്കാതെ വീണ്ടും വഞ്ചനാപരമായി പെരുമാറാതിരുന്നാല് മതി.
30
മോശ ഫറവോയുടെ അടുക്കല്നിന്നു പോയി, കര്ത്താവിനോടു പ്രാര്ഥിച്ചു.