ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം; അവിടുന്നാണ് എനിക്കു രക്ഷനല്‍കുന്നത്.
2
അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല.
3
ചരിഞ്ഞമതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും?
4
അവന്റെ ഔന്നത്യത്തില്‍ നിന്ന് അവനെ തള്ളിയിടാന്‍ മാത്രമാണ് അവര്‍ ആലോചിക്കുന്നത്. അവര്‍ വ്യാജത്തില്‍ ആനന്ദിക്കുന്നു, അധരങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുന്നു, ഹൃദയംകൊണ്ടു ശപിക്കുന്നു.
5
ദൈവത്തില്‍ മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്.
6
അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും എനിക്കു കുലുക്കം തട്ടുകയില്ല.
7
എന്റെ മോചനവും മഹിമയും ദൈവത്തിലാണ്, എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.
8
ജനമേ, എന്നും ദൈവത്തില്‍ ശരണംവയ്ക്കുവിന്‍ , അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍ . അവിടുന്നാണു നമ്മുടെ സങ്കേതം.